കോന്നി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേർക്കു പരിക്ക്. കുമ്പഴ-വെട്ടൂർ-കോന്നി റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനു സമീപം രാവിലെ 7.50 ഓടെയായിരുന്നു അപകടം. ബ്ലൂഹിൽ കമ്പനിയുടെ ബസുകളാണ് കൂട്ടിയിടിച്ചത്.
കരിമാൻതോട്ടിൽനിന്നു പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽനിന്നു കരിമാൻതോട്ടിലേക്കും പോകുകയായിരുന്നു ബസുകൾ. രണ്ടു ബസുകളിലും യാത്രക്കാരിൽ ഏറെയും വിദ്യാർഥികളും തൊഴിലാളികളും ആയിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരെ അട്ടച്ചാക്കലിലെ സ്വകാര്യ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ഏറെനേരം റൂട്ടിൽ ഗതാഗതം മുടങ്ങി.